ADVERTISEMENT

തടസ്സം നീങ്ങി

Published - January 18, 2023 11:28 am IST

നാല് പാക്കിസ്ഥാൻ ഭീകരരെക്കൂടി പട്ടികയിൽ ഉൾപ്പെടുത്തുന്നതിനുള്ള തടസ്സം ചൈന നീക്കണം

ലഷ്‌കർ-ഇ-തൊയ്ബ (LeT) ഉപമേധാവി അബ്ദുർ റഹ്മാൻ മക്കിയെ യു.എൻ. സുരക്ഷാ കൗൺസിൽ ഒരു ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചതിനെ ഇന്ത്യ സ്വാഗതം ചെയ്തു. മക്കിയെ തീവ്രവാദിയായി പ്രഖ്യാപിക്കുന്നതിനെതിരെ കഴിഞ്ഞ വർഷം ഏർപ്പെടുത്തിയ “സാങ്കേതിക തടസ്സം” ചൈന പിൻവലിച്ചതിനെത്തുടർന്നാണ് പ്രഖ്യാപനം വന്നത്. 26/11 സൂത്രധാരൻ ഹാഫിസ് സയീദിന്റെ ഭാര്യാസഹോദരനായ മക്കി, ഇന്ത്യയിലെ ഭീകരാക്രമണങ്ങൾക്കും പാക്കിസ്ഥാനിലെ ഭീകരർക്ക് പിന്തുണ നൽകിയതിനും ഇന്ത്യയുടേയും അമെരിക്കയുടെയും പിടികിട്ടാ പുള്ളികളുടെ പട്ടികയിലുണ്ട്. മക്കിയുൾപ്പടെ പാക്കിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന അഞ്ച് ലഷ്‌കർ/ജെയ്‌ഷ്-ഇ-മുഹമ്മദ് (JeM) ഭീകരർക്കെതിരെ നടപടിയെടുക്കാനുള്ള സമാനമായ നിർദേശങ്ങളാണ് കഴിഞ്ഞ ജൂണിൽ ചൈന തടഞ്ഞത്. ഭീകരപ്രവർത്തനം സംബന്ധിച്ച് ബെയ്‌ജിങ്‌ “ഇരട്ടത്താപ്പ്” പുലർത്തുന്നുവെന്നും, യു.എൻ. സുരക്ഷാ കൗൺസിലിന്റെ ഭീകരവിരുദ്ധ സംവിധാനങ്ങളെ “പരിഹാസപാത്രമാക്കുന്നുവെന്നും” ആരോപിച്ചുകൊണ്ട് ന്യൂഡൽഹി ഇതിനെതിരെ രോഷാകുലമായി പ്രതികരിച്ചു. അങ്ങനെ നോക്കുമ്പോൾ, പട്ടികയിൽ ചേർക്കാൻ അനുവദിച്ച ചൈനയുടെ തീരുമാനം ഇന്ത്യയുടെ വിജയമാണ്. ഇന്ത്യ മറ്റുള്ളവരോടൊപ്പം മുന്നോട്ടുവെച്ച പട്ടിക ചൈന നടപ്പിലാക്കാൻ അനുവദിക്കുന്നത് ഇതാദ്യമാണ്. അതുകൂടാതെ, ഇന്ത്യയിലെ, പ്രത്യേകിച്ച് കശ്മീരിലെ, ആക്രമണങ്ങൾക്ക് ഉത്തരവാദിയായ ഒരു തീവ്രവാദിയെ പട്ടികയിൽപ്പെടുത്തുന്നത് ആദ്യമായാണ്. അൽ-ഖ്വയ്ദ ബന്ധവും, ഇതര രാജ്യങ്ങളിലെ ഭീകര ആക്രമണങ്ങളും മുൻനിർത്തിയാണ് ഇതുവരെ ഭീകരരെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നത്. മറ്റ് 14 യു.എൻ.എസ്.സി. അംഗങ്ങൾ മക്കിയെ പട്ടികയിൽ ഉൾപ്പെടുത്തുവാൻ അനുവദിച്ചിട്ടും ഇതിൽനിന്നും വിട്ടുനിൽക്കാൻ ചൈനയെ പ്രേരിപ്പിച്ചതെന്തെന്ന് വ്യക്‌തമല്ല. 2019-ൽ പുൽവാമ ചാവേർ സ്‌ഫോടനത്തെ തുടർന്നുണ്ടായ അന്താരാഷ്ട്ര പ്രതിഷേധത്തിന് ശേഷമാണ് ജെയ്‌ഷ് -ഇ-മുഹമ്മദ് തലവൻ മസൂദ് അസറിനെ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ഇന്ത്യയുടെ പതിറ്റാണ്ട് പഴക്കമുള്ള ആവശ്യം ചൈന അംഗീകരിച്ചത്. “അന്താരാഷ്ട്ര തീവ്രവാദ വിരുദ്ധ സഹകരണം വർദ്ധിപ്പിക്കുന്നതിന് സഹായകം” എന്നും, തീവ്രവാദത്തിനെതിരായ പാകിസ്ഥാന്റെ പോരാട്ടത്തിനുള്ള “അംഗീകാരം” എന്നും മക്കിയുടെ പട്ടികയിലുൾപ്പെടുത്തലിനെ ചൈനയുടെ വിദേശകാര്യ മന്ത്രാലയം വിശേഷിപ്പിച്ചു.

അനുഭവത്തിൽ നിന്ന് ഇന്ത്യ മനസ്സിലാക്കിയതുപോലെ, യു.എൻ.എസ്‌.സി. ഉപരോധത്തെത്തുടർന്നുള്ള സ്വത്ത് മരവിപ്പിക്കലും, യാത്രാവിലക്കും, ആയുധ ഉപരോധവും തീവ്രവാദികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിനുള്ള ഒരു പടി മാത്രമാണ്. 1999-ലെ ഐ.സി-814 കാണ്ഡഹാർ വിമാനാപഹരണം തുടങ്ങി 26/11 മുംബൈ, പത്താൻകോട്ട്, പുൽവാമ എന്നീ ആക്രമണങ്ങളിൽ കുറ്റാരോപിതരായി യു.എൻ.എസ്‌.സി. പട്ടികയിലുള്ള നിരവധി ഭീകരരിൽ ഒരാളെപ്പോലും പാക്കിസ്ഥാൻ ഇതുവരെ നിയമത്തിന് മുൻപിൽ കൊണ്ടുവന്നിട്ടില്ല. അനന്തവും ഫലശൂന്യവുമെന്ന് തോന്നിക്കുമെങ്കിലും, മക്കിയേയും മറ്റുള്ളവരേയും വിജയകരമായി കുറ്റവിചാരണ ചെയ്യാൻ ഇന്ത്യ പാകിസ്ഥാന്റെ മേൽ തുടർച്ചയായി സമ്മർദ്ദം ചെലുത്തേണ്ടത് അവശ്യമാണ്. ഇന്ത്യ-ചൈന ബന്ധം എൽ.എ.സി. സംഘർഷവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ കുരുങ്ങിക്കിടന്ന സമയത്ത് തിരശ്ശീലയ്ക്ക് പിന്നിൽ നടന്ന ചർച്ചകളുടെ ഫലമാവാം മക്കിയുടെ പട്ടികയിൽ ഉൾപ്പെടുത്തൽ. ഹാഫിസ് സയീദിന്റെ മകൻ തൽഹ, 26/11 ആക്രമണങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച സാജിദ് മിർ, ലഷ്‌കറിനുവേണ്ടി തീവ്രവാദികളെ തിരഞ്ഞെടുക്കുന്ന ഷാഹിദ് മെഹമൂദ്, ഐ.സി-814 വിമാനറാഞ്ചൽ കേസിൽ ഉൾപ്പെട്ട അബ്ദുൾ റൗഫ് അസ്ഹർ (മസൂദ് അസ്ഹറിന്റെ സഹോദരൻ) എന്നീ നാല് ഭീകരരെ പട്ടികയിൽ ചേർക്കാൻ ചൈന എപ്പോഴെങ്കിലും നടപടി എടുത്താൽ ഈ നയതന്ത്രം വിജയമായി എന്ന് പറയാം.

This editorial was translated from English, which can be read here.

This is a Premium article available exclusively to our subscribers. To read 250+ such premium articles every month
You have exhausted your free article limit.
Please support quality journalism.
You have exhausted your free article limit.
Please support quality journalism.
The Hindu operates by its editorial values to provide you quality journalism.
This is your last free article.

ADVERTISEMENT

ADVERTISEMENT

  翻译: